ഏറ്റുമാനൂർ മഹാദേവക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്താണ് ഈ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


**ഐതിഹ്യം**

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ ഒരു ഐതിഹ്യമുണ്ട്. രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.


**ചരിത്രം**

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിയ്ക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂർ' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്. ഇപ്പോൾ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിയ്ക്കും?' മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല.

ഏഴരപ്പൊന്നാന പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണ്. വരിക്ക പ്ലാവിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്. 1972ലിറങ്ങിയ അക്കരപ്പച്ച എന്ന ചിത്രത്തിൽ 'ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ' എന്ന പ്രശസ്തമായ ഒരു ശിവഭക്തിഗാനമുണ്ട്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ നേർന്ന വഴിപാടായിരുന്നു. എന്നാൽ, അത് നേരും മുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തിക തിരുനാൾ രാമവർമ്മയാണ് (ധർമ്മരാജ) ഇത് നടയ്ക്കുവച്ചത്. വാസ്തവത്തിൽ ഏഴരപ്പൊന്നാന വൈക്കത്ത് നേരാൻ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ!തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂരെത്തിയപ്പോൾ അല്പനേരം വിശ്രമിയ്ക്കാനും മറ്റുമായി രാജാവും ഭടന്മാരും കൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസർപ്പങ്ങൾ ഫണം വിടർത്തിനിൽക്കുന്നു! കോപാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്നം വപ്പിച്ചുനോക്കി. അപ്പോൾ, അവ ഏറ്റുമാനൂരിൽ തന്നെ സമർപ്പിയ്ക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടർന്ന്, 1769 മെയ് മാസം 14ആം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂർത്തത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു. പിന്നീട് മറ്റൊരു ഏഴരപ്പൊന്നാനയുണ്ടാക്കി അത് വൈക്കത്ത് സമർപ്പിയ്ക്കാമെന്ന് ധർമ്മരാജ വിചാരിച്ചു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന് വൈക്കത്തപ്പന്റെ സ്വപ്നദർശനമുണ്ടായി. അതിൽ ഭഗവാന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: 'മകനേ, നീ എന്റെയടുത്ത് മറ്റൊരു ഏഴപ്പൊന്നാന സമർപ്പിയ്ക്കേണ്ടതില്ല. പകരം, അതിന് വന്ന ചെലവിൽ കുറച്ച് സഹസ്രകലശം നടത്തിയാൽ മതി.' പിറ്റേന്നുതന്നെ ധർമ്മരാജ വൈക്കത്തേയ്ക്ക് പുറപ്പെട്ടു. വൈക്കത്തെത്തിയ അദ്ദേഹം ഏഴരപ്പൊന്നാന നേരാൻ വച്ച തുക കൊണ്ട് വൈക്കത്തപ്പന് സഹസ്രകലശം നടത്തുകയും ക്ഷേത്രത്തിലെ പ്രസാദമായ പ്രാതലുണ്ട് ആനന്ദദർശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, ഏഴരപ്പൊന്നാന കൊടുത്തതിൽ വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനുമായി പിണക്കമാണെന്ന് അടുത്തകാലം വരെ ഭക്തർ വിശ്വസിച്ചുവന്നിരുന്നു. അതിന്റെ തെളിവായി ഏറ്റുമാനൂരുകാരാരും വൈക്കത്ത് അഷ്ടമിദർശനത്തിനോ വൈക്കത്തുകാർ തിരിച്ച് ഏറ്റുമാനൂരിൽ ആസ്ഥാനമണ്ഡപദർശനത്തിനോ പോയിരുന്നില്ല...


***ക്ഷേത്ര നിർമ്മിതി***

''മതിലകം''

ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരും. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് നടരാജമൂർത്തിയുടെ രൂപം കൊത്തിവച്ച മനോഹരമായ ക്ഷേത്രകവാടം കാണാം. ആ കവാടത്തിനകത്തുതന്നെയാണ് വാഹനപാർക്കിംഗ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്. ഇതും കഴിഞ്ഞ് അല്പദൂരം നടന്നാൽ ഏതൊരു ക്ഷേത്രത്തിലേതും പോലെ വലിയ അരയാൽമരം കാണാം.ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും താഴെ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തിസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തുള്ളതാണ് ഏറ്റവും വലുതും മനോഹരവും. ഇതിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നാണ് ഇതിന്റെ പേര്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കുറയ്ക്കാനാണ് ഇവിടെ ശ്രീകൃഷ്ണൻ കുടികൊള്ളുന്നതെന്ന് പറയപ്പെടുന്നു. ശ്രീകൃഷ്ണനെന്ന് പറയപ്പെടുന്നുവെങ്കിലും ചതുർബാഹുവായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന മഹാവിഷ്ണുഭഗവാന് ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു.

പ്രധാനവഴിയിൽ നിന്ന് അല്പമിറങ്ങിയാണ് ഗോപുരത്തറ കാണപ്പെടുന്നത്. അതിമനോഹരമായ പടിഞ്ഞാറേ ഗോപുരം ഓടുമേഞ്ഞ് പ്രൗഢിയോടെ നിലകൊള്ളുന്നു. ഇതിനടുത്താണ് ദേവസ്വം ഓഫീസ്. പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം മൂന്നാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തൊട്ടപ്പുറത്ത് ഉത്തുംഗമായ സ്വർണ്ണക്കൊടിമരം ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് പ്രൗഢിയോടെ നിലകൊള്ളുന്നു. വളരെയധികം തിളക്കമുള്ള കൊടിമരമാണ് ഇവിടെയുള്ളത് എന്നതിൽ നിന്ന് ഒട്ടും മായമില്ലാതെയാണ് ഈ കൊടിമരം നിർമ്മിച്ചതെന്ന് മനസ്സിലാക്കാം. കൊടിമരച്ചുവട്ടിൽ അഷ്ടദിക്പാലകരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. ഇവിടെ ക്ഷേത്രത്തിലെ ഭീമാകാരമായ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. ബലിക്കല്ലിനുമുന്നിലാണ് ഇവിടത്തെ പ്രസിദ്ധമായ 'വലിയ വിളക്ക്'. പേര് സൂചിപ്പിയ്ക്കുന്നതുപോലെ അസാമാന്യവലുപ്പമുള്ള ഈ വിളക്ക് ഒരിയ്ക്കൽ ഭഗവാൻ തന്നെ സ്ഥാപിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. അന്നുതൊട്ട് ഈ വിളക്ക് കത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഈ വിളക്കിൽ തിരിയൊഴിയ്ക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.

ബലിക്കൽപ്പുരയിൽ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിരുവശവും അതിമനോഹരമായ മൂന്ന് ചുവർച്ചിത്രങ്ങളുണ്ട്. വടക്കുവശത്ത് അനന്തശയനഭാവത്തിലുള്ള മഹാവിഷ്ണുവും തെക്കുഭാഗത്ത് അഘോരമൂർത്തിയും നടരാജമൂർത്തിയുമാണ് ചുവർച്ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ഇവയിൽ അഘോരമൂർത്തിയുടെ ചിത്രം ഏറ്റവും ശ്രദ്ധേയമാണ്. കാരണം, മറ്റൊരിടത്തും ഈ ചിത്രമില്ല. എട്ടുകൈകളിൽ ത്രിശൂലം, മഴു, വാൾ, അമ്പ്, ഉടുക്ക്, കപാലം, പരിച, വില്ല് എന്നിവ ധരിച്ച് മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ വർഷിച്ചുനിൽക്കുന്ന അത്യന്തം ഭയാനകമായ ഭാവമാണ് അഘോരമൂർത്തിയുടെ ഈ ചിത്രത്തിന്. ഇത് പലരുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.

ക്ഷേത്രമതിലകത്തിന് തൊട്ടുവടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. കുലച്ചുവച്ച വില്ലിന്റെ ആകൃതിയാണ് ഈ കുളത്തിന്. അതിനാൽ, 'വില്ലുകുളം' എന്ന് ഇത് അറിയപ്പെടുന്നു. വില്ലുകുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. വടക്കുകിഴക്കുഭാഗത്ത് നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും കുടികൊള്ളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് നാഗത്തറയിലെ പ്രതിഷ്ഠകൾ. പണ്ടെന്നോ കൊല്ലപ്പെട്ട ബ്രാഹ്മണന്റെ പ്രേതമാണ് ബ്രഹ്മരക്ഷസ്സ്.


''ശ്രീകോവിൽ''

അതിഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടെയുമുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഒറ്റനിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന് മുന്നിൽ സ്വർണ്ണത്താഴികക്കുടം ശോഭയോടെ തലയുയർത്തിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നരയടിയോളം ഉയരം വരുന്ന ശിവലിംഗം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവയെക്കൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽഭാഗവും മൂടിയിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ഏറ്റുമാനൂരപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.

ശ്രീകോവിലിനുചുറ്റും മനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളുമുണ്ട്. വാമനമൂർത്തി, അഷ്ടാവക്രമഹർഷി, മഹാവിഷ്ണു, പത്നീസമേതനായ ഗണപതി, ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണന്റെ രാസലീല, സൂര്യഭഗവാൻ തുടങ്ങിയ അവയിൽ ഏറ്റവും ശ്രദ്ധേയമാണ്. ശ്രീകോവിലിന്റെ തെക്കേ നടയിൽ ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. വിദ്യാഭിവൃദ്ധിയ്ക്ക് സരസ്വതിയ്ക്കൊപ്പം ഇവരെയും വന്ദിയ്ക്കാറുണ്ട്. കിഴക്കേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിച്ചുവരുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ. വടക്കുഭാഗത്ത് ഓവ് വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.


''നമസ്കാര മണ്ഡപം''

ശ്രീകോവിലിനുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെയധികം വലുപ്പമുള്ള മണ്ഡപമാണ് ഇവിടെയുള്ളത്. 16 കാലുകളാണ് ഈ മഹാമണ്ഡപത്തിന്. ചെമ്പുമേഞ്ഞ നമസ്കാരമണ്ഡപത്തിന് മുകളിൽ സ്വർണ്ണത്താഴികക്കുടം വിളങ്ങിനിൽക്കുന്നു. രാമായണം, ഭാഗവതം തുടങ്ങിയ കഥകളിൽ നിന്നുള്ള പല കഥകളും ഇവിടെ ശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. മണ്ഡപത്തിന്റെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കും മൂലകളിലെ തൂണുകളിൽ യഥാക്രമം ദുർഗ്ഗാദേവിയും യക്ഷിയമ്മയും കുടികൊള്ളുന്നു. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് രണ്ട് നന്തിവിഗ്രഹങ്ങളുണ്ട്. ഒന്ന് ഓടുകൊണ്ടും മറ്റേത് ശിലകൊണ്ടും നിർമ്മിച്ചതാണ്. ഇവയിൽ ഓടുകൊണ്ടുള്ള വിഗ്രഹം ഒരു ചെമ്പകശ്ശേരി രാജാവ് തന്റെ വയറുവേദന സുഖപ്പെട്ടതിനെത്തുടർന്ന് നടയ്ക്കുവച്ചതാണ്. ഉത്സവക്കാലത്തും മറ്റും വേദലക്ഷാർച്ചനയും കലശപൂജയും നടക്കുന്നതും ഈ മണ്ഡപത്തിലാണ്.


''നാലമ്പലവും, വിളക്കുമാടവും''

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ചെമ്പുമേഞ്ഞാണ് നാലമ്പലവും നിലകൊള്ളുന്നത്. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ഇവ ദേവന്റെ വികാരങ്ങളാണെന്നാണ് സങ്കല്പം. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ശാസ്താവിന്റെ ശ്രീകോവിൽ കാണാം. ശബരിമലയ്ക്ക് പോകുന്നവർ ഇതിന്റെ മുന്നിൽ വന്നാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. ശാസ്താക്ഷേത്രത്തിന് തൊട്ടപ്പുറത്ത് ക്ഷേത്രക്കിണർ പണിതിരിയ്ക്കുന്നു. തെക്കുകിഴക്കുഭാഗത്ത് പതിവുപോലെ തിടപ്പള്ളിയാണ്.

ശ്രീകോവിലിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. ദിവസവും സന്ധ്യയ്ക്ക് ദീപാരാധനാസമയത്ത് ഇവിടം ദീപങ്ങൾകൊണ്ട് നിറഞ്ഞുനിൽക്കും. വിളക്കുമാടം പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശി മനോഹരമാക്കിയിട്ടുണ്ട്. ആയിരത്തിലധികം വിളക്കുകൾ ഇവിടെയുണ്ട്.


****പ്രധാന പ്രതിഷ്ഠ****

''തിരുവേറ്റുമാനൂരപ്പൻ (ശിവൻ)''

ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. 'അഘോരൻ' എന്ന വാക്കിന് ഒരേ സമയം ഏറ്റവും ഘോരനായവനെന്നും ഒട്ടും ഘോരനല്ലാത്തവനെന്നും അർത്ഥങ്ങൾ കണ്ടുവരുന്നു. അതായത്, ദുഷ്ടർക്ക് ഏറ്റവും ഘോരനായും ശിഷ്ടർക്ക് ഏറ്റവും ശാന്തനായും കാണപ്പെടുന്നു. എന്നാലും, പൊതുവേ ഉഗ്രമൂർത്തീസങ്കല്പമാണ് ഈ പ്രതിഷ്ഠയ്ക്ക്. മൂന്നരയടിയോളം ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാട്ട് ദർശനമായാണ് ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നത്. അനാദികാലം മുതലുള്ള പൂജകളേറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ദിവസവും മൂന്നുഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ ശിവശക്തി ഐക്യരൂപമായ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും. രാവിലെ, അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന നടരാജനും, ഉച്ചയ്ക്ക് നരസിംഹമൂർത്തിയുടെ കോപമടക്കിയ ശരഭനും, വൈകീട്ട് അർദ്ധനാരീശ്വരനുമാണെന്നൊരു പാഠഭേദം കൂടിയുണ്ട്. ബാധോപദ്രവങ്ങൾക്കും മറ്റും ഏറ്റുമാനൂരപ്പഭജനം പുണ്യകരമായി കണക്കാക്കപ്പെടുന്നു.


**ഉപദേവതകൾ**

''ഗണപതി''

കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഗണപതിഭജനത്തോടെയാണ് തുടങ്ങുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠയുള്ളത്. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹുവിഗ്രഹം മഹാഗണപതിയുടെ രൂപത്തിലാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യവും ഗണപതിഹോമം നടന്നുവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.


''ദക്ഷിണാമൂർത്തി''

പ്രപഞ്ചത്തിന്റെ ആദിഗുരുവായി കണക്കാക്കപ്പെടുന്ന ദക്ഷിണാമൂർത്തി ശിവന്റെ ഒരു വകഭേദമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സരസ്വതിയ്ക്കും ഗണപതിയ്ക്കുമൊപ്പം ദക്ഷിണാമൂർത്തിയെയും പൂജിയ്ക്കാറുണ്ട്. സാധാരണയായി ക്ഷേത്രശ്രീകോവിലുകളുടെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ഗണപതിയ്ക്കൊപ്പമാണ് ദക്ഷിണാമൂർത്തിയ്ക്കും പ്രതിഷ്ഠയുണ്ടാകാറുള്ളത്. ശിവലിംഗരൂപത്തിലായിരിയ്ക്കും ഈ പ്രതിഷ്ഠകൾ മിക്കവാറും. ഏറ്റുമാനൂരിലും സ്ഥിതി ഇതുതന്നെയാണ്. പ്രസിദ്ധമായ മഹാഭാരതം വിവർത്തനം എഴുതുന്ന സമയത്ത് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നതായി പറയപ്പെടുന്നു. ശിവസാന്നിദ്ധ്യമായതുകൊണ്ട് ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്താറുണ്ട്.


''ശാസ്താവ്''

നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായാണ് ശ്രീധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. രണ്ടടിയോളം ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ഒരുകയ്യിൽ അമ്പും മറുകയ്യിൽ അമ്പും ധരിച്ച കിരാതശാസ്താവാണ് ഇവിടെയുള്ളത്. ശനിദോഷപ്രീതിയ്ക്കായി ശാസ്താവിന് നീരാജനം കത്തിയ്ക്കുന്നതാണ് പ്രധാന വഴിപാട്. അപ്പം, അട, പായസം, നെയ്യഭിഷേകം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ ശാസ്താവിന്റെ നടയിലാണ്.


''ദുർഗ്ഗാദേവി''

ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുപടിഞ്ഞാറേത്തൂണിലാണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ. അഷ്ടബാഹുക്കളോടുകൂടിയ അത്യുഗ്രദേവതയാണ് ഇവിടെ ദേവി. മഹിഷാസുരനെ വധിച്ചശേഷമുള്ള ഭാവമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഞ്ഞൾ-കുങ്കുമാർച്ചന, നെയ്പായസം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ.


''യക്ഷിയമ്മ''

ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപമാണ് യക്ഷിയമ്മയ്ക്ക്. ദിവസവും വിളക്കുവയ്പും ഇളനീരും വറപൊടിയുമല്ലാതെ മറ്റ് വഴിപാടുകളൊന്നുമില്ല.


''നാഗദൈവങ്ങൾ''

നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും മറ്റ് ഉത്തമാധമസർപ്പങ്ങളുമടങ്ങിയതാണ് ഈ തറ. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.


**ആട്ടവിശേഷങ്ങൾ**

''തിരുവുത്സവം''

ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ് സ്വർണ്ണ ധ്വജത്തിൽ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളിൽ ശ്രീ പരമേശ്വരൻ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ് ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടൽ ചടങ്ങ്. പത്താം ദിവസം തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകൾ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.


**നിത്യപൂജകൾ**

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തിൽ അവൾക്ക് ഒരു ഗന്ധർവന്റെ ആവേശമുണ്ടായി. അതിനെത്തുടർന്ന് വിദഗ്ദ്ധചികിത്സകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഏറ്റുമാനൂരിൽ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനൽകി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാൽ നടയടയ്ക്കുന്നു.

കൊല്ലവർഷം 720 ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്.

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.....


Courtesy: WikipediaETTUMANOOR MAHADEVA TEMPLE, ETTUMANOOR PO, KOTTAYAM, KERALA-686631
ettumanoordevaswom@gmail.com, +91 8330800315 , +91 8078133375

Managed by Travancore Devaswom Board
Designed by iPrarthana